ചികിത്സിക്കാൻ കഴിയില്ലെങ്കിൽ കൊന്നു തരൂ: കലക്‌ടറേറ്റിനു മുമ്പിൽ രോഗിയുടെയും ബന്ധുക്കളുടെയും സത്യാഗ്രഹം!

0
1007
 
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ആരോഗ്യരംഗത്തെ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നും അർഹരായവർക്ക്‌ സമയത്ത് ചികിത്സ ലഭിക്കുന്നില്ല എന്നും മാത്രമല്ല ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ചികിത്സാരംഗത്തെ സ്വകാര്യവത്കരണത്തിന്റെ അതിപ്രസരവും ഭീമമായ പണച്ചെലവും കാരണം സാധാരണക്കാർക്ക് ഏക ആശ്രയം ആയ സർക്കാർ ആശുപത്രികൾ ചൂഷണത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങുകൾ ആയി മാറിയിരിക്കുന്നു.  
 
കേരളത്തിലെ മുരുകൻ എന്ന തൊഴിലാളിയുടെ മരണം ചികിത്സ നിഷേധിക്കപ്പെട്ടതുകൊണ്ടാണ് സംഭവിച്ചത്. ആശുപത്രികളിൽ  നിന്ന് ആശുപത്രികളിലേക്ക്  ആംബുലൻസിൽ അലഞ്ഞ്  ഒടുവിൽ ചികിത്സ കിട്ടാതെ ആ പാവം തൊഴിലാളി മരിച്ചു. വെന്റിലേറ്റർ ഇല്ലാതിരുന്നതിനാലാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്നു ആശുപത്രി അധികൃതർ കൈ കഴുകി. 
 
ഇന്നലെ ഉത്തർ പ്രദേശിൽ ഓക്സിജൻ ലഭിക്കാതെ 32 കുട്ടികൾ ദാരുണമായി പിടഞ്ഞു മരിച്ചു. മുപ്പത്തിരണ്ട് കുട്ടികൾ ഉൾപ്പെടെ ആകെ 48 പേര് കഴിഞ്ഞ രണ്ടു ദിവസത്തിനകം ജീവ വായു കിട്ടാതെ മരിച്ചു കഴിഞ്ഞു. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. 
 
ഓക്സിജൻ കമ്പനിക്കു നൽകാനുള്ള അറുപത്തേഴു ലക്ഷം രൂപ കുടിശ്ശിക നൽകാഞ്ഞതിനാൽ അവർ ഓക്സിജൻ സിലിണ്ടർ കൊടുക്കുന്നത് നിർത്തി വെച്ചു എന്നതാണ് കാരണം. ഇത്രയും പണം ഇത് വരെ കൊടുത്തു തീർക്കാൻ സർക്കാരിന് കഴിയാഞ്ഞത് എന്ത് കൊണ്ടാണ്? ഓക്സിജൻ കമ്പനി വിതരണം നിർത്തിയ സാഹചര്യത്തിൽ അടിയന്തിരമായി ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുവാൻ സർക്കാരിന് കഴിയാഞ്ഞത് എന്ത് കൊണ്ടാണ്? കുടിശ്ശിക കൊടുത്തില്ലെങ്കിൽ വിതരണം നിർത്തി വയ്ക്കുമെന്ന് വിതരണക്കാരായ പുഷ്പ സെയിൽസ് കമ്പനി രേഖാമൂലം ഓഗസ്റ്റ് ഒന്നാം തീയതി തന്നെ ആശുപത്രി അധികൃതരെ അറിയിച്ചതാണ്. ഈ കത്ത് മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. 
 
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം റിപ്പോർട്ടുകൾ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ സുതാര്യവും കാര്യക്ഷമവുമായ നടത്തിപ്പിന് ഭരണകൂടങ്ങൾ തയ്യാറാവാത്തതു കൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങൾക്ക് സാധാരണ ജനങ്ങൾ ജീവൻ തന്നെ വില കൊടുക്കേണ്ടി വരുന്ന ഈ അവസ്ഥയ്ക്കു കാരണം അഴിമതിയല്ലാതെ മറ്റെന്താണ്? 

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here