ദിലീപ് കേസ്: അന്തർനാടകങ്ങൾ അവസാനിക്കുന്നില്ല!

0
53948
ദിലീപ് ജാമ്യത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും പോലീസിന്റെ പക്കലുള്ള തെളിവുകൾ ദിലീപിന് കടുത്ത ശിക്ഷ വാങ്ങികൊടുക്കുവാൻ പര്യാപ്തമാണെന്നു കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. പ്രോസിക്യൂഷന്റെ വാദത്തെ മറികടക്കാൻ പോന്ന തെളിവുകൾ നിരത്താൻ ദിലീപിന്റെ വക്കീലിന് കഴിഞ്ഞിട്ടുമില്ല. 
 
വിചാരണ ഇല്ലാതെ തുടർക്കഥ പോലെ നീങ്ങുന്ന കേസിൽ ഇനിയും ഇനിയും തെളിവുകൾ ആവശ്യം ഉള്ള രീതിയിൽ ആണ് പൾസർ സുനി എന്ന കൗശലക്കാരൻ ആയ ക്രിമിനലിന്റെ പുതിയ പുതിയ വെളിപ്പെടുത്തലുകൾ. 
 
കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. ദിലീപ് വീണ്ടും ജാമ്യത്തിന് അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. ദിലീപിനെ പിന്തുണച്ചു കൊണ്ട് പുരോഗമനവാദികളായ പലരും അപ്രതീക്ഷിതമായി രംഗത്തു വരുന്നു. അതേച്ചൊല്ലിയുള്ള കോലാഹലങ്ങൾ കൊണ്ട്മാധ്യമരംഗം കലുഷമാവുന്നു. 
 
സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് ദിലീപിന് ജാമ്യം നൽകാത്തതെന്നു പ്രോസിക്യൂഷൻ ഒരിക്കൽ കോടതിയെ ബോധിപ്പിച്ചിരുന്നു. ഏതൊക്കെ തരത്തിൽ ആണ് ദിലീപിന് സുരക്ഷാപ്രശ്നങ്ങൾ ഉള്ളത്? ജനരോഷം ആണോ അതോ, കേസുമായി ബന്ധപ്പെട്ട ഭീഷണികൾ ആണോ ? ഇവയൊന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. സക്ഷികളെ സ്വാധീനിക്കുവാനും  സാധ്യതയുണ്ട്- പ്രതി അത്രയ്ക്ക് സ്വാധീനം ഉള്ള ആളാണെന്നും പ്രോസിക്യൂഷൻ കോടതിയെ  അറിയിച്ചിരുന്നു.
 
സിനിമാ രംഗത്തു പലരുടെയും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെ താക്കീതു കൂടിയായി ഈ കേസിനെ കാണുന്നവരുണ്ട്. സിനമാരംഗത്തുള്ള വലിയൊരു വിഭാഗം ആളുകൾ വിവിധ വ്യാപാര സംരംഭങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ഏർപ്പെട്ടിട്ടുണ്ട്. ഇതോടൊക്കെ അനുബന്ധിച്ചു നടക്കുന്ന നിയമവിരുദ്ധമായ പല ഇടപാടുകളും പോലീസിന്റെ  നിരീക്ഷണത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ.
 
നടി  ആക്രമിക്കപ്പെട്ട കേസിൽ സ്ത്രീപീഡനം,ഗൂഡാലോചന എന്നീ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ വിശദമായ വിവര ശേഖരണത്തിലാണ് ദിലീപിന്റെ ആദ്യ വിവാഹം ഉൾപ്പെടയുള്ള കാര്യങ്ങൾ ആദ്യമായി പുറം ലോകം അറിയുന്നത്.
ചാലക്കുടിയിലെ തിയ്യേറ്റർ കോംപ്ലക്സുമായി ബന്ധപ്പെട്ടു കലാഭവൻ മാണിയും ദിലീപും തമ്മിലുള്ള ഇടപാടുകളും സിനിമാരംഗത്തു കഴിഞ്ഞ ഒരു ദശകമായി നടന്ന മറ്റു നിരവധി സംഭവങ്ങളും അവയ്ക്കു പ്രത്യക്ഷമായും പരോക്ഷമായും ദിപീപുമായുള്ള ബന്ധവും വിശദമായ അന്വേഷണത്തിനും പൊതുജനശ്രദ്ധയ്ക്കും വിഷയമായി.
 
ക്രിമിനലും സിവിലും ആയ അനേകം കേസുകളുടെ ഒരു പടലമായി ദിലീപ് കേസ് മാറിയിട്ടുണ്ട്.  ഈ കേസുകളിൽ നിന്നൊക്കെ എങ്ങനെ ദിലീപ് മോചിതൻ ആവും എന്നത് ഒരു സാധാരണ മലയാളി ന്യായമായും സംശയിക്കുന്നു. 
 
കാവ്യാ മാധവന്റെ വീടുമായി സുനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പോലീസ് കരുതുന്നു. ഇതിന്റെ തെളിവിനായി അന്വേഷണ സംഘത്തിന് ലഭിക്കേണ്ടിയിരുന്ന സന്ദർശക രജിസ്റ്റർ മഴയത്തു നശിച്ചു എന്ന് കാവ്യയുടെ വീടിന്റെ സുരക്ഷാ ജീവനക്കാർ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ഇത് കൂടുതൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കാവ്യയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നു കരുതപ്പെടുന്നു. 
 
മലയാള സിനിമ മുമ്പെങ്ങും  കാണാത്ത തരത്തിലുള്ള അന്തർനാടകങ്ങൾക്കു സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളിൽ നിന്നും അകലുകയാണ്. ഈ കേസിന്റെ കുറ്റപത്രം, തുടർ അന്വേഷണങ്ങൾ, വിസ്താരം,കീഴ്കോടതിമുതൽ സുപ്രീം കോടതി വരെ നീളാൻ സാധ്യതയുള്ള നടപടികൾ ഇതിനൊക്കെക്കൂടി എത്രകാലം വേണ്ടി വരുമെന്ന്  ഊഹിക്കാൻ പോലും കഴിയുന്നില്ല. 

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here