ദില്ലിയിൽ ദീപാവലിപ്പടക്കത്തിനു നിരോധനം, കേസ് കൊടുത്തത് മൂന്നു കുട്ടികൾ!

0
8223

2015ൽ പതിന്നാലു മാസത്തിനും ആറു വയസ്സിനും ഇടയ്ക്കു പ്രായമുള്ള മൂന്നു കുട്ടികളുടേതായി അവരുടെ നിയമ പരിരക്ഷകർ ഫയൽ ചെയ്ത കേസിനെ തുടന്നാണ്‌ 2016 ൽ കോടതി പടക്കം നിരോധിച്ചത്. കുട്ടികളുടേതായി ഇത്തരത്തിൽ ഒരു പൊതു താല്പര്യ ഹർജി ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യത്തേതാണ്. വൃത്തിയുള്ളതും മലിനീകരണരഹിതവുമായ പരിസ്ഥിതി തങ്ങളുടെ അവകാശമാണെന്നുള്ള ഈ കുരുന്നുകളുടെ നിയമപരിരക്ഷകരുടെ വാദത്തെ കോടതി ശരി വയ്ക്കുകയായിരുന്നു.

വായു മലിനീകരണം കൊണ്ട് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് കുട്ടികൾ ആണെന്നും ശ്വാസകോശ രോഗങ്ങളും ആസ്തമയും ചുമയും തലച്ചോർ സംബന്ധമായ അസുഖങ്ങളും കേഴ്വിക്കുറവും ഒക്കെ പടക്കങ്ങൾ പൊട്ടിക്കുന്നതു മൂലം കുട്ടികൾക്കുണ്ടാവുന്നു. ഇത് ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് – ഇവയൊക്കെയായിരുന്നു കുട്ടികളുടെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.

നിരോധനത്തെ കരിമരുന്നുത്പന്ന നിർമാതാക്കൾ ചോദ്യം ചെയ്‌തെങ്കിലും നിരോധനം നില നിർത്തണമെന്ന് ആവശ്യപ്പെട്ടു കുട്ടികൾ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വീണ്ടും ഇക്കൊല്ലം നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ മാസം കരിമരുന്നുൽപന്നങ്ങളുടെ നിരോധനം താൽക്കാലികമായി നീക്കിയിരുന്നു. ഇത്തരം ഉത്പന്നങ്ങളുടെ സമ്പൂർണ നിരോധനം കടന്ന കൈ ആവുമെന്നും അതിനാൽ താത്കാലിക നിരോധനം ആണുള്ളതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയിലെ പടക്ക ഉത്പന്നങ്ങളുടെ എൺപതു ശതമാനവും ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയിൽ ആണ്. പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികളെ ഇത് ബാധിക്കുമെന്നും നിരോധനം മൂലം ആയിരം കോടി രൂപയുടെ നഷ്ടം പടക്കക്കമ്പനികൾക്കുണ്ടാവുമെന്നും കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. അല്ലെങ്കിൽ ത്തന്നെ വാഹനപ്പുകയും മറ്റും മൂലം ഉള്ള മലിനീകരണം ദില്ലിയൽ ഉണ്ട്. അതു കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്നും പടക്ക നിർമ്മാതാക്കൾ വാദിച്ചെങ്കിലും കോടതിവിധി കുട്ടികൾക്ക് അനുകൂലമായിരുന്നു.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here