​​”ഗൗരിയുടെ അമ്മ​യായതിൽ അഭിമാനിക്കുന്നു ” – ഇന്ദിരാ ലങ്കേഷ്

0
1012
എം.എം കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരെ കൊല്ലുവാൻ ഉപയോഗിച്ച തരത്തിലുള്ള 7 .65 എംഎം പിസ്റ്റൾ തന്നെയാണ് മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊല്ലുവാനും  ഉപയോഗിച്ചതെന്ന് പോലീസിന്റെ കണ്ടെത്തൽ. ഈ കേസുകളിലെയെല്ലാം കണ്ടെത്തലുകൾ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെപ്പറ്റി അന്വേഷിക്കുന്ന  കർണാടകപോലീസിന്റെ പ്രത്വേക അന്വേഷണക സംഘം പരിശോധിക്കും. കൊലപാതകികളെപ്പറ്റി വ്യക്തമായ സൂചനകൾ ലഭിച്ചു എന്നാണു കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്‌ഡി പറയുന്നത്.
അതെ സമയം, ആർ എസ് എസ്സിനെഎതിർത്തു  ലേഖനം എഴുതാതിരുന്നെങ്കിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടുമായിരുന്നില്ല എന്ന ശൃംഗേരി എം എൽ എയായ  ഡി എൻ ജീവരാജിന്റെ പ്രസ്താവന ബി ജെ പി യെ വെട്ടിലാക്കി.  ഹിന്ദുത്വ വാദികൾ ആണ് ഗൗരി ലങ്കേഷിനെ കൊന്നതെന്നുള്ള പരോക്ഷമായ സമ്മതമാണ് എം എൽ ഏ യുടെ ഈ പ്രസ്താവനയിലൂടെ വ്യക്തമായതെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകത്തിലെ കർഷകസംഘം ജീവരാജിനെതിരെപോലീസിൽ പരാതി നൽകി. ഈ കേസിൽ എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്ന ബാംഗ്ലൂർ പോലീസ് തന്നെ ഈ പരാതിയിലും അന്വേഷണം നടത്തും.
​​
“ഗൗരിയുടെ അമ്മയെന്ന് അറിയപ്പെടുന്നതിൽ എനിക്ക് അഭിമാനം ഉണ്ട്.  എന്റെ മകൾ ജീവിച്ചത് അവൾക്കു വേണ്ടിയല്ല മറ്റുള്ളവർക്കു വേണ്ടിയാണ്. അവൾക്കു വസ്തു വകകളോ സ്വത്തുക്കളോ ഇല്ല. എന്നും വീട്ടിലെത്തിയ ശേഷം എനിക്ക്   എസ എം എസ് അയയ്ക്കുമായിരുന്നു. ഒരു മകളെപ്രതി അമ്മയ്ക്കുള്ള വേവലാതികൾ അവൾക്കറിയാമായിരുന്നു. ഈ കേസിന്റെ അന്വേഷണം സി ബി ഐ ക്കു വിടണമോ എന്ന കാര്യം കവിതയും ഇന്ദ്രജിത്തും (ഗൗരിയുടെ സഹോദരങ്ങൾ)  തീരുമാനിക്കും. കൽബുർഗി വധക്കേസിലെപ്പോലെയാവരുത് ഈ  അന്വേഷണം. കൽബുർഗിയുടെ കുടുംബങ്ങളുടെ വേദന എനിക്ക് മനസ്സിലാവും ആ കേസിലെ കുറ്റവാളികളെയും എത്രയും വേഗം കണ്ടെത്തണം.  തന്റെ സഹപ്രവർത്തകരോടൊപ്പം ഗൗരി ദക്ഷിണകന്നട – മലനാട് പ്രദേശങ്ങളിൽ പാതിരയ്ക്കായാലും കാറോടിച്ചു പോയിരുന്നു. മുഖ്യധാരയിലേക്ക് തിരിച്ചു വന്ന് നിയമപരമായി പോരാട്ടം തുടരുവാൻ മാവോയിസ്റ്റുകളെ  പ്രേരിപ്പിക്കുകയാണ് ഗൗരി  ചെയ്തത്. ഒരു നിസ്വാർത്ഥജീവിതത്തിന്റെ തികഞ്ഞ ഉദാഹരണമായിരുന്നു ഗൗരി. അവൾ ജീവിച്ചത് മറ്റുള്ളവർക്ക് വേണ്ടിയാണ്. ആദർശനിഷ്ഠയും സാമൂഹ്യ പ്രതിബദ്ധതയും അവളുടെ രക്തത്തിലുണ്ടായിരുന്നു”.   കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ‘അമ്മ ഇന്ദിരാ ലങ്കേഷ് പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *