മഴയെത്ര പെയ്താലും കേരളം വരൾച്ചയിലേക്ക്!

0
1409
‘മനുഷ്യൻ മരിക്കുമ്പോൾ ഒരു തുള്ളി പുഴവെള്ളം അന്ത്യതീർത്ഥമാവുന്നു, പുഴകൾ മരിക്കുമ്പോൾ നാം എന്ത് ചെയ്യുന്നു?” എന്ന് മലയാളത്തിന്റെ മഹാനായ നോവലിസ്റ്റ് ഓ.വി.വിജയൻ ഒരിക്കൽ എഴുതിയിട്ടുണ്ട്.
ജലസമൃദ്ധിയെപ്പറ്റി മലയാളികൾ ഊറ്റം കൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പുഴയിലെ കുളിയും വസ്ത്രം അലക്കും ഒക്കെ ഓർമ്മകളായി. 43 നദികൾ ഉണ്ടായിട്ടും മലയാളി കുടിവെള്ളത്തിന് കുപ്പിയെ ആശ്രയിക്കുന്നു. എല്ലാ നദികളും വരണ്ടു  പോവുകയോ മലിനമാവുകയോ ചെയ്തു. കേരളത്തിലെ നദികളിൽ ഏറെയും പ്രത്യേകിച്ച് നഗരങ്ങളിലൂടെ ഒഴുകുന്ന നദികൾ  യഥാർത്ഥത്തിൽ ഒഴുകുന്നില്ല.കെട്ടിക്കിടക്കുകയാണ്. ഇവയിലെ വെള്ളം  കുടിക്കുന്നതു പോകട്ടെ, കുളിക്കാനോ ജലസേചനത്തിനുപോലുമോ ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ മലിനമായിട്ടുണ്ട്.
കേരളത്തിലെ നദികളിൽ എല്ലാം വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. മഴ പെയ്തു നദികളിൽ നിറയുന്ന ജലം ഏതാനും മിനുട്ടുകൾ കൊണ്ട് കടലിലേക്ക് ഒഴുകിപ്പോകുന്നു. മഴ കഴിഞ്ഞാൽ വീണ്ടും നദികൾ ദുർബ്ബലമാവുന്നു. ജലം ഇല്ലാതാവുന്നു. ഇത് തടഞ്ഞു ജലലഭ്യത വർഷം  മൊത്തം ഉറപ്പു ​വരുത്താവുന്ന ​തരത്തിലുള്ള സംഭരണ വിതരണ രീതികൾ കൈക്കൊള്ളുവാൻ ദശകങ്ങളായി കേരളം ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ വർഷവും കേരളത്തിലെ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
ഇപ്പോൾ വൈകുന്നേരം വൈകുന്നേരം പെരുമഴയാണ്. ഈ വെള്ളമെല്ലാം കുളങ്ങളിലും തടാകങ്ങളിലും കിണറുകളിലും മഴവെള്ള സംഭരണികളിലുമെല്ലാം ശേഖരിക്കപ്പെടുന്നുണ്ട്. പക്ഷെ ഇവയിൽ പലതിലും നിത്യോപയോഗത്തിനു ഉപയോഗിക്കാവുന്നത്ര മാലിന്യമുക്തമായ വെള്ളം അല്ല  ഉള്ളത്. കേരളത്തിൽ കോഴിക്കടകൾ എല്ലാ പ്രദേശങ്ങളിലും വന്നതിനു ശേഷം കോഴിവേസ്റ്റിന്റെ നല്ലൊരു ഭാഗവും തൊട്ടടുത്ത ജലസ്രോതസ്സുകളിൽ നിക്ഷേപിക്കപ്പെട്ടിരുന്നു. ജൈവവും അജൈവവുമായ ഗാർഹിക മാലിന്യങ്ങളെക്കൂടാതെ വ്യവസായമാലിന്യങ്ങളും – ഖര മാലിന്യങ്ങളും രാസമാലിന്യങ്ങളും- നമ്മുടെ ജലസമ്പത്തിനെ മലീമസമാക്കുന്നുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *