നമ്മുടെ ആഹാരസംസ്കാരം വീണ്ടെടുക്കുക: ആരോഗ്യം നിലനിർത്തുക!

0
1059
മലയാളികളുടെ പ്രധാനപ്പെട്ട ആഹാരം ചോറാണ്. അനേകായിരം വർഷങ്ങളായി കേരളത്തിൽ നെൽകൃഷി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിന് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തെളിവുകൾ ഉണ്ട്.
ചോറു കൂടാതെ നെല്ലരി ഉപയോഗിച്ചുള്ള അനേകം വിഭവങ്ങൾ  മലയാളികൾ ഉപയോഗിക്കുന്നുണ്ട്. അവയിൽ പലതും കേരളത്തിൽ മാത്രം ഉള്ളവയാണ്. നെല്ല് വറുത്ത് പൊടിച്ചുണ്ടാക്കുന്ന വറപൊടി, നെല്ല് വറുത്ത് മലർത്തി ഉണ്ടാക്കുന്ന മലർ, നെല്ല് തിളപ്പിച്ച് പരാതി ഉണ്ടാക്കുന്ന അവിൽ, ഉണക്കലരി തിളപ്പിച്ച് അതിൽ ചെറുപയറിന്റെ പരിപ്പ് കൂടി കലർത്തി വേവിച്ചു കുരുമുളകും ഉപ്പും കൂടി ചേർത്തുണ്ടാക്കുന്ന പൊങ്കൽ, വിവിധ തരാം പായസങ്ങൾ, അരിയരച്ചു ഇലയിൽ പരാതി ഒഴിച്ച് തെറുത്തു അടയാക്കി അതും ചേർത്തുണ്ടാക്കുന്ന അടപ്രഥമൻ , കേരളീയരുടെ തനതു ആഹാരങ്ങളിൽ ഏറ്റവും പ്രചാരം നേടിയ പുട്ട്  എന്നിങ്ങനെ എത്രയോ തരം  വിഭവങ്ങൾ നാം നെല്ലരി ഉപയോഗിച്ചാണ് പാകപ്പെടുത്തുന്നത്. കഞ്ഞി, പാൽക്കഞ്ഞി, പൊടിയരിക്കഞ്ഞി, മരുന്നുകഞ്ഞി എന്നിങ്ങനെ പലതരം കാണികളും നിത്യാഹാരത്തിൽ പെട്ടിരുന്നു.
കേരളത്തിലെ ആഹാരരീതി പുരാതന കാലം മുതൽ തന്നെ ഷഡ് രസങ്ങൾ നിറഞ്ഞവയായിരുന്നു (ഉപ്പ് , മധുരം, എരിവ്, പുളി , ചവർപ്പ്, കയ്പ്പ് ഇവയാണ് ഷഡ് (ആറ്) രസങ്ങൾ). ഉണക്കലരി വെച്ച് വറ്റിച്ചെടുത്ത ചോറും, തൈര്, മോര്, നെയ്യ്, പാൽ എന്നീ ഗോരസങ്ങളും ഇലക്കറി സാധനങ്ങളും കായ്കനികളും പുരാതനകാലം മുതൽ തന്നെ നമ്മുടെ ആഹാരപദ്ധതിയുടെ ഭാഗമായിരുന്നു. ഉപ്പും കുരുമുളകും വാളൻപുളി, കുടംപുളി, ഇരുമ്പൻ  പുളി തുടങ്ങിയ പുളിയിനങ്ങളും നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങളുടെ ചേരുവകളിൽ ഉണ്ടായിരുന്നു.
ഇഞ്ചി ചുരണ്ടി തൊലി കളഞ്ഞു കൊത്തി  അരിഞ്ഞു ഉപ്പും തൈരും ചേർത്തുണ്ടാക്കുന്ന ഇഞ്ചിത്തൈരും, തൈരിൽ മഞ്ഞൾപ്പൊടിയും ഉപ്പും കുരുമുളക് പൊടിയും ചേർത്തുണ്ടാക്കുന്ന കാളനും (പുളിച്ചകറി എന്നും ഇതിനു പേരുണ്ട്), കാളന്റെ  പുളിപ്പും എരിവും  നിയന്ത്രിക്കാനുള്ള ഓലനും (പയറുവർഗ്ഗങ്ങളോ കുമ്പളങ്ങയോ മത്തങ്ങയോ ചേമ്പോ നുറുക്കി വേവിച്ചു ഉപ്പും തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേർത്ത് പാകപ്പെടുത്തിയാണ് ഓലൻ ഉണ്ടാക്കുന്നത്), എരിച്ചകറി  എന്ന് പഴയ കാലത്തു അറിയപ്പെട്ടിരുന്ന എരിശ്ശേരിയും ഒക്കെ നമ്മുടെ പഴയ തലമുറകളുടെ രസമുകുളങ്ങളെ രുചിമയമാക്കിയിരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *