മലയാളത്തിൽ ബിഗ് ബോസ് അവതരിപ്പിക്കാൻ മോഹൻലാൽ!

0
2

മിനി സ്ക്രീനിൽ പ്രേക്ഷകർക്ക് മോഹൻലാൽ അന്യനല്ല. ഇത് മോഹൻലാലിന്റെ ആദ്യ ടെലിവിഷൻ സംരംഭവുമല്ല. പക്ഷേ, ലോക ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഷോയുടെ അവതാരകൻ എന്ന നിലയിൽ ഇത് ആദ്യമായാണ് എത്തുന്നത്. ഇൻഡ്യയിൽ ഒട്ടുമിക്ക ഭാഷകളിലും കരുത്ത് തെളിയിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ കേരളത്തിലും എത്തുകയാണ്.

മോഹൻലാൽ ആണ് ഈ ഷോയിലെ ടൈറ്റിൽ റോളിൽ എത്തുന്നത്. ഏഷ്യാനെറ് ചാനലാകും ഇത് സംപ്രേക്ഷണം ചെയ്യുക. ജൂൺ ഇരുപത്തിനാലിന് ആണ് സംപ്രേക്ഷണം ആരംഭിക്കുക. ഇതിന്റെ ടീസർ ട്രെയിലറിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓരോ ആഴ്ചയിലും ഒരു എലിമിനേഷൻ റൌണ്ട് വീതമാണ് ഇതിൽ ഉണ്ടാകുക. നൂറ് ദിവസം ഒരു വീട്ടിൽ പതിനാറ് സെലിബ്രിറ്റികളെ അടച്ചിടുന്നു. അവർക്ക് ഓരോ ആക്റ്റിവിറ്റികളും മറ്റും നൽകുന്നു. ഇതാണ് ഈ ഗെയിം ഷോയുടെ ഏകദേശ രീതി. തമിഴിൽ കമൽ ഹാസൻ അവതരിപ്പിച്ചു വിജയിപ്പിച്ച ഈ ഷോ, ലാലേട്ടൻ തന്റെ വ്യത്യസ്തമായ ശൈലിയിൽ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മലയാളി ഹൗസ് എന്ന പേരിൽ ഇതുപോലെ ഒരു റിയാലിറ്റി ഷോ സൂര്യ ടി.വി പ്രക്ഷേപണം ചെയ്തിരുന്നു. പക്ഷേ, തുടരെ തുടരെ ഉയർന്ന വിമർശനങ്ങൾ കാരണം അത് നിർത്തി വയ്ക്കുകയാണ് ഉണ്ടായത്. തുടക്കത്തിൽ തന്നെ ഒരു ബി ഗ്രേഡ് സിനിമയുടെ പോലും നിലവാരം ഇല്ലാതിരുന്ന ഈ ഷോയ്ക്ക് ശേഷം അതിൽ പങ്കെടുത്ത പ്രമുഖർക്ക് നാട്ടിൽ ഇറങ്ങി നടക്കാൻ ആവാത്ത അവസ്ഥ ഉണ്ടായി. ജി.എസ്. പ്രദീപ്, രാഹുൽ ഈശ്വർ തുടങ്ങിയ വിഗ്രഹങ്ങൾ താഴെ വീണ് ഉടഞ്ഞ പ്രതീതി ആയിരുന്നു പ്രേക്ഷകർക്ക് ഉണ്ടായത്. ഇത് റേറ്റിംഗ് കൂട്ടാൻ ആദ്യം ഉപകരിച്ചു എങ്കിലും, കുടുംബമായി ഇരുന്ന് കാണാൻ സാധിക്കാത്ത രീതിയിൽ കാര്യങ്ങൾ മലിനമാകാൻ തുടങ്ങിയപ്പോൾ പരിപാടി നിർത്തേണ്ടി വന്നു.

പക്ഷേ, ബിഗ് ബോസ് എന്നത് ലോകത്തെ ഒട്ടു മിക്ക ഭാഷകളിലും കരുത്ത് തെളിയിച്ച ഒരു ഷോയാണ്. പതിനൊന്ന് സീസൺ വിജയകരമായി പൂർത്തിയാക്കി പന്ത്രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ഹിന്ദി ബിഗ് ബോസ്. തമിഴിലും തെലുങ്കിലും എല്ലാം ഈ ഷോ ഇതിനകം പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു.

ഇനി ചെറിയ കളികളില്ല, വലിയ കളികൾ മാത്രം എന്ന ടാഗ് ലൈനോടു കൂടിയാണ് മോഹൻലാൽ ആങ്കർ ആകുന്ന ഈ ഷോ വരുന്നത്. ആരൊക്കെയാണ് ഇതിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികൾ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആര് വന്നാലും, മലയാളി ഹൗസ് നൽകിയ പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കും എന്ന് കരുതാം. മഹാന്മാരെ അടുത്തറിയുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന വിഗ്രഹം വീണ് ഉടയരുതല്ലോ.

മലയാളത്തിൽ മൂന്ന് സീസണുകൾ ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോ ആയി മാറാനുള്ള ശ്രമത്തിലാണ് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റാറായ മോഹൻ ലാലിനെ തന്നെ അവതാരകനാക്കി കൊണ്ടു വരുന്നത് തന്നെ അവരുടെ ഉദ്ദേശത്തിന് തെളിവാണ്.

ബിഗ് ബോസിന്റെ മറ്റൊരു പതിപ്പായ ബിഗ് ബ്രതറിൽ പങ്കെടുക്കുന്ന സമയത്താണ് ശിൽപ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചു എന്ന പരാതിയും വിവാദവും ഉണ്ടാകുന്നത്. അതോടുകൂടി ശില്പയ്ക്ക് ലഭിച്ചത് ലോകപ്രശസ്തിയും കൈ നിറയെ അവസരങ്ങളുമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *