മഴയിൽ മുങ്ങി മുംബൈയും, മുങ്ങാൻ കാത്ത് കൊച്ചിയും!

0
21091
26 ജൂലായ് 2005 – മുംബൈ നഗരത്തിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം. അന്നുണ്ടായ മഴക്കെടുതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും സൃഷ്ടിച്ച ആഘാതം ചില്ലറയായിരുന്നില്ല. മഴയുടെ നനവ് ഉണങ്ങും മുൻപേ ഇതാ വ്യാവസായിക തലസ്ഥാനം വീണ്ടും മഴയിൽ മുങ്ങിയ വാർത്തകൾ വരുന്നു. പതിവ് പോലെ സർക്കാരിന് വേണ്ടത്ര സുരക്ഷാ പദ്ധതികളോ തയ്യാറെടുപ്പുകളോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇത്തവണയും നഗര ജീവിതം പൂർണ്ണമായും സ്തംഭനാവസ്ഥയിലായി. പ്രകൃതിയുടെ കനിവുകൊണ്ട് ഭയാനകമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയില്ലെങ്കിലും നീണ്ട 12 വർഷങ്ങൾക്കപ്പുറവും യാതൊരു വിധ മുൻ കരുതലുകളും ഇൻഡ്യയുടെ ഹൃദയ നഗരത്തിന് കൈക്കൊള്ളാനായില്ല എന്നത് ഗവണ്മെന്റിനുതന്നെ നാണക്കേടാണ്.
മുഖ്യമന്ത്രി ഫഡ്നവിസ് മാധ്യമങ്ങൾക്കു മുന്നിൽ കാട്ടിക്കൂട്ടിയ, മുഖം സംരക്ഷിക്കാനുള്ള വേലകൾ പോലും കടുത്ത വിമർശനത്തിന് വിധേയമായി. കഴിഞ്ഞ വർഷം ചെന്നൈ നഗരത്തെ മുക്കിയ മഴ ഇന്ന് മുംബൈയിൽ നിറഞ്ഞൊഴുകി. നാളെ ഒരുപക്ഷേ കേരളത്തിന്റെ നഗരങ്ങളെയാവാം പ്രകൃതിയുടെ തീക്ഷ്ണത കാത്തിരിക്കുന്നത്.
കൊച്ചിക്കാരന്റെ സ്വപ്നങ്ങളും ജീവിതവുമെല്ലാം കറങ്ങുന്നത് എറണാകുളം നഗരത്തിന്റെ വളർച്ചയെ ചുറ്റിപറ്റിയാണ്. പഴയ ആ കൊച്ചു നഗരമല്ല ഇന്ന് കൊച്ചി; വിശാല കൊച്ചിയാണ്. പരിസരത്തെ നഗരങ്ങളെക്കൂടി തന്നിലേക്ക് ലയിപ്പിച്ച് ബാംഗ്ളൂർ പോലെ അന്തമില്ലാത്ത വളർച്ചയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ മെട്രോ നഗരം.
കമ്മട്ടിപ്പാടങ്ങളുടേയും കായൽ ചതുപ്പിന്റേയും ഉറപ്പില്ലാത്ത മണ്ണിലാണ് നഗരാന്തർഭാഗത്തെ ഫ്ളാറ്റുകളും വൻ കെട്ടിട സമുച്ചയങ്ങളും നിലനിൽക്കുന്നത്. കായൽ നികത്തി വീണ്ടും വീണ്ടും കെട്ടിപ്പൊക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ ഇപ്പോൾ തന്നെ വൻ സുരക്ഷാ ഭീഷണിയിലാണ്. ഭൗമശാസ്ത്രപരമായി നോക്കുമ്പോൾ കൊച്ചി നഗരം ‘ഫോൾട്ട് ലൈൻ’ അഥവാ ഭൂകമ്പ സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ കെട്ടിടങ്ങളുടെ നിർമ്മാണ രീതി ഭൂകമ്പത്തെ ചെറുത്തു നിൽക്കുന്നതിന് പര്യാപ്തമല്ല. ഉറപ്പില്ലാത്ത ചതുപ്പു നിലത്താണ് ഇവ കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നതും ദുരന്തത്തിന് ആക്കം കൂട്ടിയേക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *