കല ജീവിതമാക്കിയ ജീനിയസ്: ഷെഫീഖ് പുനത്തിൽ

0
811

ആസ്വാദനകർക്കു വ്യത്യസ്തമായ സൗന്ദര്യാനുഭൂതി പകർന്നു നൽകുന്ന ചിത്രങ്ങളും സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും സൃഷ്ട്ടിക്കുന്ന വിനീതനായ ഒരു തികഞ്ഞ കലാകാരൻ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി ബാംഗ്ലൂരിലെ കലാരംഗത്തു നിറസാന്നിധ്യമാണ് ഷെഫീഖ് പുനത്തിൽ. ബാംഗ്ലൂരിലും കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് കലാകൃതികൾ ഈ കോഴിക്കോട്ടുകാരന്റേതായിട്ടുണ്ട്.
ബാംഗ്ലൂരിലെ കോർപ്പറേറ്റ് സൗധങ്ങളിലും അപ്പാർട്ട് മെന്റ് സമുച്ചയങ്ങളിലും മറ്റിടങ്ങളിലുമായി ഷെഫീഖ് പുനത്തിൽ തീർത്ത സിറാമിക് മ്യൂറലുകളും ടെറാക്കോട്ട ശില്പങ്ങളും ഈ കലാകാരന്റെ പ്രതിഭയുടെ അടയാളങ്ങളായി നില കൊള്ളുന്നു.

സിറാമിക് ഓടുകൾ പൊട്ടിച്ചും മുറിച്ചും കഷണങ്ങൾ ആക്കി അവ കൊണ്ട് തനതായ ശൈലിയിൽ ഷഫീഖ് തീർക്കുന്ന കലാവിസ്മയങ്ങൾ മാത്രം മതി ഈ അനുഗൃഹീത കലാകാരന്റെ പ്രതിഭയുടെ സമ്പന്നത മനസ്സിലാക്കുവാൻ. പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഷഫീഖ് എന്ന ജീനിയസ്സിന്റെ കലാസപര്യ. എണ്ണച്ചായത്തിലും ജലച്ചായത്തിലും ഉള്ള നൂറു കണക്കിന് ചിത്രങ്ങൾ, പെൻസിൽ-പേന ഡ്രോയിങ്ങുകൾ, സ്‌കെച്ചുകൾ, ടെറാക്കോട്ട ശിൽപ്പങ്ങൾ – ഇതിനൊക്കെ സമയം കണ്ടെത്തുന്നത് കൂടാതെ ഇവയെല്ലാം പുതു തലമുറയെ പഠിപ്പിക്കുന്ന പരിശീലനക്കളരികളും ക്‌ളാസ്സുകളും. സമയത്തിന്റെ ഒരു തരി പോലും പാഴാക്കാതെ സദാ കർമ്മനിരതമായ കലാജീവിതം നയിക്കുന്ന ഷഫീഖിന്റെ ജീവിതാനുഭവങ്ങൾ താൻ ബാല്യം മുതൽ കണ്ടറിഞ്ഞ കടൽ പോലെ ആഴത്തിലും പരപ്പിലും ഉള്ളതാണ്.

ഷഫീഖിന്റെ പിതാവ് മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ പി എ മുഹമ്മദ് കോയ. മാതാവ് പ്രശസ്തമായ പുനത്തിൽ കുടുംബാംഗമായ ഖാതത്തൂൻബി. കോഴിക്കോട് നഗരത്തിലെ നടക്കാവിലാണ് ഷെഫീഖിന്റെ ജനനം. കേരളത്തിലെ സ്പോർട്സ് ലേഖകരിലും കമന്റേറ്റർമാരിലും പിതാമഹൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, മുഷ്താഖ് എന്ന് കോഴിക്കോട്ടുകാർ വിളിക്കുന്ന പി എ മുഹമ്മദ് കോയ മലയാള നോവൽ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. അദ്ദേഹത്തിന്റെ സുൽത്താൻ വീട് മലയാള നോവൽ ചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടിയ കൃതിയാണ്.

കോഴിക്കോടൻ ജീവിതത്തെ അതിന്റെ ആഴത്തിൽ അവതരിപ്പിക്കുന്ന അപൂർവം കൃതികളിൽ ഒന്നാണത്. സുൽത്താൻവീട്, സുറുമയിട്ട കണ്ണുകൾ, ഗോൾ എന്നീനോവലുകളും നിരവധി ചെറുകഥകളും ആയിരക്കണക്കിന് സ്പോർട്സ് ലേഖനങ്ങളും പി എ മുഹമ്മദ് കോയ എഴുതിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നിറങ്ങിയിരുന്ന മിക്ക പത്രങ്ങളിലും പല പേരുകളിൽ എന്നും അദ്ദേഹത്തിന്റെ ലേഖനങ്ങൾ വരുമായിരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *