ശ്രീലങ്കൻ വംശീയ സംഘർഷം ആവിഷ്കരിക്കുന്ന നോവലിന് വയലാർ അവാർഡ്

0
249

മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയുടെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് ടി ഡി രാമകൃഷ്ണനെ അർഹനാക്കിയത് അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവൽ ആയ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ ആണ്. ശ്രീലങ്കയിലെ വംശീയ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവൽ എല്ലാ ലോകസാഹചര്യങ്ങളിലും പ്രസക്തമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. തമിഴ് മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ രജനി തിരണഗാമയുടെ ജീവിത കഥയാണ് ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവൽ എഴുതുവാൻ അദ്ദേഹത്തിന് പ്രചോദനംനല്കിയത്. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി അവതരിപ്പിക്കുന്ന ഈ കൃതി മലയാളത്തിലെ ഏറ്റവും മികച്ച വായനാനുഭവങ്ങളിൽ ഒന്നാണ്. ദേശ–വംശ സങ്കൽപങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നു പ്രതിപാദിക്കുന്ന ഈ നോവലിൽ ശ്രീലങ്കൻ സർക്കാരും തമിഴ് വംശജരും തമ്മിലുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന സംഭവ പരമ്പരകൾ ആണുള്ളത്.

1981-ൽ ഇന്ത്യൻ റെയിൽവേയിൽ സേലത്ത് ടിക്കറ്റ് കളക്ടറായി ഔദ്യോഗികജീവിതം തുടങ്ങിയ ടി ഡി രാമകൃഷ്ണൻ കോഴിക്കോട്ടും ചെന്നൈയിലും ജോലി ചെയ്തതിനു ശേഷം 1985 ൽ പാലക്കാട്ടേക്ക് വന്നു. മൂന്നു വര്ഷം ചരക്കു തീവണ്ടികളുടെ ഗാർഡ് ആയി ജോലി ചെയ്തു. 1995 മുതൽ പാലക്കാട് ഡിവിഷണൽ ഓഫീസിൽ കൺട്രോളറായും 2000 മുതൽ ചീഫ് ഡെപ്യൂട്ടി കൺട്രോളർ ആയും സേവനം അനുഷ്ടിച്ചു. 2000 മുതൽ 2006 വരെ ചെന്നൈയിൽ റെയിൽവേ ടൈം ടേബിൾ പ്ലാനിങ് വിഭാഗത്തിലായിരുന്നു. 2006 ൽ ചീഫ് കൺട്രോളർ ആയി. പാലക്കാട് റെയിൽവേ ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ സ്വയം വിരമിച്ച ടി ഡി രാമകൃഷ്ണൻ ഇപ്പോൾ പൂർണസമയവും എഴുത്തിനും വായനയ്ക്കുമായി സമർപ്പിച്ചിരിക്കുന്നു. ആനന്ദവല്ലിയാണ് ഭാര്യ. മകൻ വിഷ്ണു, മകൾ സൂര്യ.

Leave a Reply

LEAVE A REPLY

Please enter your comment!
Please enter your name here